അഞ്ചു ചോദ്യങ്ങള്‍ക്ക് ഒറ്റഉത്തരം |
നസീര്‍ കടിക്കാട് |
രമണൻ -കെ ജി ശങ്കരപ്പിള്ള
“രമണൻ നന്നായി വേണവൂതുമായിരുന്നു.
പതിനായിരത്തെട്ട് ഉരുവങ്ങളുടെ ഉടയോനായിരുന്നു എന്നിട്ടും
അതിലൊന്നു നഷ്ടപ്പെട്ടപ്പോൾ
പോയി തൂങ്ങിച്ചത്തു.
ലുബ്ധൻ !“
രാമായണമെന്നു വായിക്കുന്നതു പോലെ ഇടയ്ക്കിടെ “ബംഗാൾ” വായിക്കുമായിരുന്നു.
ഒറ്റയ്ക്കൊന്ന് കോരിച്ചൊരിയുവാൻ,ഒറ്റ നീരൊഴുക്കാകുവാൻ…
കുളത്തിലോ പുഴയിലോ കടലിലോ ചെന്നു ചേരുവാൻ.
ഇന്നുച്ചയ്ക്ക്
ഇവിടെയൊരു വെയിലത്ത് കവിയതു വായിച്ചു
എന്റെ കാത് മഴ കൊണ്ടു:
"ഉറ്റവരുടെ മരണവാർത്തയുമായി ആരോ
ഓടിക്കിതച്ചു വരുന്നെന്ന വിചാരമാണെപ്പോഴും
എല്ലാവരും ദൂരെയാണ്
ഞാനിവിടെ
ഈ വെയിലിൽ കെട്ടിയിടപ്പെട്ടവനാണ്
സ്വാതന്ത്ര്യം മോഷ്ടിക്കപ്പെട്ടവനാണ്….”
ഭൂമിക്കൊരു ചരമഗീതം-ഒ.എൻ.വി
“ഇനിയും മരിക്കാത്ത ഭൂമി
ഇതു നിന്റെ എന്റെയും
ചരമ ശുശ്രൂഷയ്ക്ക്….“
ആധുനികതയുടെ കാലത്ത് ഒ.എൻ.വിയുടെ “ഭൂമിക്കൊരു ചരമഗീതം“
ഉറക്കെ വായിച്ചതോർക്കുന്നു.
ഒരു രാത്രി
ആധുനികതയുടെ ഭാഷാവ്യവഹാരങ്ങൾക്കിടയിലും
ഒരു കൂട്ടുകുടുംബത്തിന്റെ ഉമ്മറത്തിരുന്ന്
ഒറ്റയ്ക്ക്
ഉറക്കെയൊരു കവിത വായിക്കുമ്പോൾ
സ്വയം അത്ഭുതപ്പെടുത്തുന്ന കൌമാരശബ്ദം
മഹാകാവ്യമായി വിവർത്തനം ചെയ്യുമ്പോൾ
തൊട്ടുപിറ്റേന്ന്
കടമ്മനിട്ട കുറത്തി വായിക്കുമ്പോൾ
സച്ചിദാനന്ദൻ സുലേഖ വായിക്കുമ്പോൾ
ബാലചന്ദ്രൻ ചുള്ളിക്കാടറിയാതെ
മാപ്പുസാക്ഷിയും യാത്രാമൊഴിയും ചേർത്ത്
നാടകം കളിച്ച്
അരങ്ങുണർത്തുമ്പോൾ
കവിത വേണ്ട നാടകം മതിയെന്ന് ആടിയുലയുമ്പോൾ
“ജോസഫ്
ഞാൻ നിന്നെ സ്നേഹിക്കുന്നു
പ്‌ഫ…“
“ഈ ആകാശം നോക്കൂ…
ശന്തേ ശാന്തേ“
നാടകത്തിൽ നിന്ന് നേരെ
നേരെ
ഉള്ളിയരിയുവാനും പാത്രം കഴുകുവാനും പോയപ്പോൾ
പുതുകവിതയുണ്ടായി.
ആധുനികതയ്ക്കും പുതുകവിത്യ്ക്കുമിടയിൽ
പ്രകടമായ മാറ്റമുണ്ടായി.
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ-പി.പി.രാമചന്ദ്രൻ
“രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം.
ചെമ്മീൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി.
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കളും ഭൃത്യന്മാരുമാണ്.
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡ്രാക്കുള പിടികൂടാം….”
ആധുനികതയ്ക്കും പുതുകവിതയ്ക്കുമിടയിൽ സ്വകാര്യങ്ങൾ മാത്രമല്ല
ചില പൊതുവിടങ്ങളുമുണ്ടായി.
കൂട്ടുകുടുംബങ്ങൾ വേണ്ടെന്നായി.
അവന്റെ ആ മകൻ ആ ഉമ്മറത്തിരുന്ന്
ഒറ്റയ്ക്കു കവിത വായിക്കേണ്ടെന്നായി.
മാപ്പുസാക്ഷികളും യാത്രാമൊഴികളുമുണ്ടായി.
ഭൂമിക്ക് പെട്ടെന്നു വില കൂടി
വീടുകൾക്ക് ചെറിയ പേരുകളുണ്ടായി.
പൂച്ചയും കവിയും-ടി.പി.രാജീവൻ
“…ഞാൻ ളോഹയണിഞ്ഞ പാതിരിയോ
യൂനിഫോമിട്ട പോലീസിനെ
പേടിച്ചോടുന്ന കള്ളനോ
പൂവീഴുന്നതു നോക്കി നിൽക്കുന്ന
കവിയോ-ആരായാലും
ഈ പരവതാനി
നിങ്ങൾ മാന്തിക്കീറും.”
ചെറിയ വീടുകളുടെ ചെറിയ പേരുകളിൽ
ഞാൻ മുടിവെട്ടുകാരൻ
മരപ്പണിക്കാരൻ
ഇറച്ചിവെട്ടുകാരൻ
പലിശക്കാരൻ
അദ്ധ്യാപകൻ
കവി
എന്നൊക്കെ
പെട്ടൊന്നരാളുടെ വീട്
പെട്ടെന്നൊരാൾക്ക്
കണ്ടുപിടിക്കാമെന്നായി.
പുതുകവിത സുതാര്യമായി.
ജോസഫ്
രാമൻ
വീരാൻ കുട്ടി
കവിത എളുപ്പമായി.
നേരം കാണൽ-അൻവർ അലി
“കറുത്തേടൻ ഒരു വെളുത്തേടം വീട്ടിൽ
നേരം കാണാൻ പോയപ്പം-
നേരമെങ്ങനെ
വെളുത്തേടാ?
മുഷിഞ്ഞുനാറി
ഇരിക്കണ്
കഴുകി വെയില-
ത്തിട്ടൂടേ?”
ചെറിയ വീടുകളുടെ
ചെറിയ ഉമ്മറത്തോളം പോരാത്ത ഉമ്മറത്ത്
ജോസഫും രാമനും വീരാൻകുട്ടിയും
ഗോപീകൃഷ്ണനും നാസിമുദ്ദീനും
വായിക്കുന്നൊരാളെ നിശ്ശബ്ദരായി പേടിപ്പിക്കും.
അതൊന്നും നാടകമായില്ല.
സുതാര്യമായ പേടികൾ പേടികൾ തന്നെയാണ്.
ഭാഷ വിഭജിക്കപ്പെട്ടു
കവിത രാഷ്ട്രീയവൽക്കരിക്കപ്പെട്ടു
നിരൂപകരാൽ ഉപേക്ഷിക്കപ്പെട്ടു
പെട്ടു
പെട്ടു.
കവിത-പി.രാമൻ
“ഉൾവലിഞ്ഞ്
ഞാനെന്റെ
എല്ലിൽ ചെന്നു തട്ടി.
ഉയിരു കോച്ചും വിധമൊരു
ശബ്ദമുണ്ടായി.“
നിരൂപണസാഹിത്യത്തിലെ രാഷ്ട്രീയവും കവിതയിലെ രാഷ്ട്രീയവും
ഒരു പാലത്തിന് അപ്പുറത്തും ഇപ്പുറത്തും
ഒരു പെരുന്തച്ചൻ പ്രയോഗത്തിന്റെ നീട്ടിത്തുപ്പലായ് മാറിയ
ഭാഷയുടെ വിഘടിതകാലത്ത്
ഈച്ചരവാരിയർ
ഇ.എം.എസ്
അച്യുതമേനോൻ
പലരും പലരും മരിച്ചു
പല പല പാലങ്ങൾ വന്നു.
മുഖ്യധാരാ ആനുകാലികങ്ങൾ മുഖ്യധാരാ കവിതകൾ
എളുപ്പം വേർതിരിച്ചെടുത്തു.
ഷോകേസ് എന്നൊന്നില്ലാതായി
പീസ് വർക്കിനു പോലും ഭാഷാവ്യാകരണങ്ങൾ വേണ്ടെന്നായി.
കവിതയ്ക്കിനി കവിതയേ വേണ്ടെന്നുമായി.
സുൽത്താൻ ഇബ്രാഹിം –സർജു
“അംഗവസ്ത്രങ്ങളുടെ ചേലുള്ള മീനിന്
സുൽത്താൻ ഇബ്രാഹിം എന്നു പേരിട്ടത്
ബദുക്കളോ ചന്തക്കച്ചവടക്കാരോ
കൊട്ടാരത്തിലെ കുശിനിക്കാരോ
സ്വാതന്ത്ര്യം എന്തെന്നറിയാൻ
കടലിൽ പോയ അറബിക്കവിയൊ,...
അന്ധനൊരാൾ ദൈവത്തിന്റെ ശബ്ദതാരാവലി
പരതിക്കൊണ്ടിരുന്നു.“
പുതുകവിതയെ
അവിടെയൊന്ന് ഇവിടെയൊന്ന് തൊട്ടു.
തൊട്ടു തൊട്ടില്ല
തൊട്ടു തൊട്ടില്ല.
രാമായണം മുഴുവൻ വായിച്ചിട്ടും
രാമനാരാ അൻവറാരാ ജോസഫാരാ…?
രാം മോഹൻ പാലിയത്താരാ
കെ.എം.പ്രമോദാരാ
കുഴൂർ വിത്സനാരാ
ലതീഷ് മോഹനാരാ
ടി.പി.അനിൽകുമാറാരാ
സാമൂഹ്യപ്രതിബദ്ധത ചുട്ട കോഴിയായാലെന്താ….?
പുതുകവിതയ്ക്കു ശേഷം ആരെന്തെഴുതി എന്നൊരു ചോദ്യം ബാക്കി
അതിനുത്തരം:
“ഒരു മരം ഒരു കാവല്ലെന്ന്
ഇന്നെനിയ്ക്കറിയാം
നാലു പാൽമരം അല്ലാ നാല്പാമരം
അതൊരൊറ്റ മരം ആകുന്നു
ഒരു മരം ഒരു കാവാകുന്നു
ഞാൻ നാല്പാമരക്കാവ് തീണ്ടിയ കോമരം”
-നാല്പാമരം, ദേവദാസ്
………………………………………………………………..
“മുക്തഛന്ദസ്സായ് മുഗ്ദ്ധയായ് ചന്ദ്രിക
വാതിൽ പാതി തുറന്നിടും നേരത്ത്
വാഴക്കുടപ്പനിൽ വവ്വാൽച്ചിറകടി
താഴെ നിഴലായ് വിറയ്ക്കും പുലപ്പേടി “
-പുലപ്പേടി, അജിത്ത്
………………………………………………………………..
“ബന്ധപ്പെടുമ്പോൾ
ഹൃദയവും ഉറയിൽ ഇടണം
ചുറ്റുമുള്ളവരിൽ നിന്നെല്ലാം അകന്ന്
ഇഞ്ചിഞ്ചായുള്ള മരണം
ശരീരത്തിനു മാത്രമുള്ളതല്ലല്ലൊ”
-സുരക്ഷ, ബിന്ദു കൃഷ്ണൻ
…………………………………………………………….....
“കവിത ഒരനാവശ്യമാണെന്ന്
ഒരു ബുദ്ധിമുട്ടാണെന്ന്
അവൾക്ക് പണ്ടേ അറിയാമായിരുന്നു.
കുഞ്ചൻനമ്പ്യാരെയും
കുമാരനാശാനെയും
കണ്ട് പേടിച്ചതാണ്.
-അങ്ങിനെ അവളും ഒരു കവിയായി, ഗാർഗ്ഗി
**********************************************************************************************
ഇത് വേറിട്ടൊരുത്തരം തന്നെ,
ReplyDeleteനിന്റെ കവിതപോലെ തന്നെ!
രസിച്ചു വായിച്ചു..
ReplyDeleteരാമായണം മുഴുവൻ വായിച്ചിട്ടും
ReplyDeleteരാമനാരാ അൻവറാരാ ജോസഫാരാ…? രസിച്ചു വായിച്ചു.